ആവശ്യമുള്ള സാധനങ്ങൾ:
- നല്ല പഴുത്ത കശുമാങ്ങാ - 5
- പഞ്ചസാര - മുക്കാൽ കിലോ
- വെള്ളം - മുക്കാൽ ലിറ്റർ
- അണ്ടിപ്പരിപ്പ് അരച്ചത് 1 കപ്പ്
- സിട്രിക്ക് ആസിഡ് ക്രിസ്റ്റൽസ് - ഒന്നര ടീസ്പൂൺ (സൂപ്പർമാർക്കറ്റുകളിൽ കിട്ടും)
- ചെറുനാരങ്ങാനീര് - ഒന്നര ചെറുനാരങ്ങയുടേത്
പഞ്ചസാരയും വെള്ളവും സിട്രിക്ക് ആസിഡും കൂടി അടുപ്പത്തു വച്ച് തിളപ്പിച്ചശേഷം തണുക്കാൻ വയ്ക്കുക.
അഞ്ച് പഴുത്ത കശുമാങ്ങാ അണ്ടി നീക്കിയശേഷം കഴുകിയെടുക്കുക. ഫ്രിഡ്ജിൽ വച്ചു നന്നായി തണുപ്പിച്ചതിനുശേഷമാണെങ്കിൽ രുചി കൂടും. അണ്ടിപ്പരിപ്പ് അരച്ചത് വെള്ളമൊഴിച്ച് നന്നായി തിളപ്പിച്ചശേഷം വെള്ളം ഊറ്റിക്കളഞ്ഞുവയ്ക്കുക. എല്ലാം കൂടെ കൂടി മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. നേരത്തേ തയ്യാറാക്കിവച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ഈ ജ്യൂസും ചെറുനാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിച്ചശേഷം അരിച്ചെടുക്കുക. സ്ക്വാഷ് തയ്യാറായിക്കഴിഞ്ഞു. ഇനി കുപ്പിയിലേക്ക് പകർത്തിവയ്ക്കാം.
ഈ അളവിലുണ്ടാക്കുന്ന സ്ക്വാഷ് ഏകദേശം ഒന്നര ലിറ്റർ ഉണ്ടാവും. കേടാവാതിരിക്കാൻ ഒന്നുകിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക, അല്ലെങ്കിൽ പ്രിസർവേറ്റീവ് ചേർക്കുക (ഞാൻ ചേർക്കാറില്ല). സോഡിയം ബെൻസോയേറ്റ്, പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് എന്നിവയാണ് സാധാരണ ചേർക്കുന്ന പ്രിസർവേറ്റീവ്സ് (സൂപ്പർ മാർക്കറ്റുകളിൽ കിട്ടും). ഏകദേശം രണ്ടുനുള്ളു ചേർത്താൽ മതിയാവും. അര ടീസ്പൂൺ ഫുഡ് കളർ (ഓറഞ്ച്-റെഡ്) ചേർത്താൽ നിറം കുറച്ചുകൂടി ആകർഷകമാക്കാം. ഞാൻ ചേർത്തിട്ടില്ല കേട്ടോ. സ്ക്വാഷ് പാകത്തിന് വെള്ളം ചേർത്ത് നേർപ്പിച്ചു കഴിക്കാം. പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. വെള്ളവും സ്ക്വാഷും യഥാക്രമം 3:1 എന്ന അനുപാതത്തിൽ ചേർക്കുക. അതായത് ഒരു ഗ്ലാസ് പാനീയം തയ്യാറാക്കുവാൻ കാൽ ഗ്ലാസ് സ്ക്വാഷ് മതിയാവുമെന്നർത്ഥം.
ശ്രമിച്ചു നോക്കൂ
കശുമാങ്ങയും കണ്ടു. കശുവണ്ടിപ്പരിപ്പും കണ്ടു.
ReplyDeleteകശുമാങ്ങ സ്ക്വാഷിന്റെ ചിത്രം മാത്രം കണ്ടില്ല.
ഏതായാലും...സ്ക്വാഷുണ്ടാക്കാന്‍ പഠിപ്പിച്ചതിന് ഒരു നന്ദി !!!
ആശംസകള്‍.
ഇത് വാറ്റാക്കി മാറ്റാന്‍ എന്ത് ചെയ്യണം?
ReplyDeleteവായനയില്‍ത്തന്നെ രുചി തോന്നി .ഒരഭിപ്രായം പറയട്ടെ?
ReplyDeleteഎന്തിനാണ് നിറവും പ്രിസര്വേട്ടീവ്സും?ഒഴിവാക്കിക്കൂടെ?
കൂടുതല്‍ വിഭവങ്ങളുമായി വരണം.
ഞാനിതിന്റെ സ്വാദ് പോലും നോക്കുന്നില്ല...!
ReplyDelete“ഷുഗറാ...!!”